മൂവാറ്റപുഴ: മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രണ്ട് പുതിയ സർവീസുകൾ ആരംഭിച്ചു. മൂവാറ്റുപുഴയിൽ നിന്നും ഗൂഡല്ലൂരിലേക്കും, തൊടുപുഴ അൽ-അസർ മെഡിക്കൽ കോളേജിലേക്കുമാണ് ബസ്സുകൾ സർവീസ് ആരംഭിച്ചത്.
പുതിയ സർവീസുകളുടെ ഫ്ളാഗ് ഓഫ് മാത്യു കുഴൽനാടൻ എംഎൽഎ നിർവ്വഹിച്ചു. മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അൽ -അസർ കോളേജ് ചെയർമാൻ കെ.എം മൂസ, സാബുജോൺ, എടിഒ രാജേഷ് എൻ.പി, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ഷാജിമോൻ, ഡിപ്പോ എൻജിനീയർ ജോയ്സ് ജോൺ, വെഹിക്കിൾ ഇൻസ്പെക്ടർ സുനിൽകുമാർ കെ തുടങ്ങിയവർ സംബന്ധിച്ചു.
തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, വഴിക്കടവ്, നാടുകാണി വഴി ഗൂഡല്ലൂരിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന് ഭാരതീയർ തമിഴ് മണ്ട്രം, ബസ് പാസഞ്ചേഴ്സ് ഓഫ് മൂവാറ്റുപുഴ എന്നിവരുടെ പ്രവർത്തകർ സ്വീകരിച്ചു. മൂവാറ്റുപുഴയിൽ നിന്നും വൈകിട്ട് 4.25ന് പുറപ്പെടുന്ന ബസ് രാത്രി 11.55ന് ഗൂഡല്ലൂരിൽ എത്തും. തിരികെ പിറ്റേദിവസം രാവിലെ 5.10ന് അവിടെ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12.35ന് മൂവാറ്റുപുഴയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
മൂവാറ്റുപുഴയിൽ നിന്നും കിഴക്കേക്കര, രണ്ടാർ, കല്ലൂർക്കാട്, കോട്ട റോഡ് വഴി തൊടുപുഴ അൽ-അസർ മെഡിക്കൽ കോളേജിലേക്കാണ് രണ്ടാമത്തെ സർവീസ് ആരംഭിച്ചത്. ഈ മേഖലയിലെ വിദ്യാർത്ഥികൾക്കും രോഗികൾക്കും പുതിയ ബസ് വലിയ ആശ്വാസമാകുമെന്ന് കെ.എം. മൂസ പറഞ്ഞു.
ഇതിനിടെ അൽഅസർ മെഡിക്കൽ കോളേജിലേക്കുള്ള ബസിൽ സിപിഎം കാർ കെട്ടിയ ബാനർ നീക്കം ചെയ്ത സംഭവത്തിൽ സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമമിൽ കോട്ടപ്പുറം കവലയിൽവച്ച് നേരിയ സംഘർഷം ഉണ്ടായി. പോലീസ് സ്ഥലത്ത് എത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. ബസ്സിന്റെ എയർ ഹോൾ അടച്ചു കെട്ടിയ ബാനർ നീക്കം ചെയ്തത് സിപിഐം പ്രവർത്തകർ രാഷ്ട്രീയവൽക്കരിക്കുകയായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.