Thursday, May 16, 2024

മാലാഖമാർ കയറാൻ മടിക്കുന്നിടത്ത് സാത്താൻ കയറി ബ്രേക്ക് ഡാൻസ് കളിക്കും : ലത്തീൻ അതിരൂപത മുഖപത്രം

Social media share

മാലാഖമാർ കയറാൻ മടിക്കുന്നിടത്ത് സാത്താൻ കയറി ബ്രേക്ക് ഡാൻസ് കളിക്കും. അതാണ് കാലം.
കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്നറിയാത്ത ചിലർ സഭാ സാരഥികളായി വരുമ്പോൾ അവർക്ക് വിശുദ്ധ ബൈബിളിനെക്കാൾ വലുത് വിചാരധാര’യാണെന്നു തോന്നും. കേരള സ്‌റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതക്കെതിരെ പേരെടുത്ത് വിമർശിച്ച് ലത്തീൻ അതിരൂപത മുഖപത്രമായ ജീവനാദം.

ഇടുക്കി രൂപത അധികാരികൾ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്ന് അവരെ എങ്ങനെയാണ് ബോധ്യപ്പെടുത്തുക എന്ന് വല്യ നിശ്ചയമില്ല. പറഞ്ഞുവരുന്നത് കുട്ടികൾക്കായി അവർ നടത്തിയ ‘കേരള സ്റ്റോറി’ സിനിമാ പ്രദർശനത്തെ കുറിച്ചാണ്.
തീക്കൊള്ളികൊണ് തലചൊറിയരുത് എന്ന തലക്കെട്ടിൽ കെ.ജെ. സാബു എഴുതിയ ലേഖനത്തിലാണ് കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഇക്കണ്ട കാലമൊക്കെയും സഹോദര മതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ പുലർത്താതെ ജീവിച്ചവരാണ് കേരള ക്രൈസ്തവർ. അവരെ തികഞ്ഞ മുസ് ലിംവിരോധികൾ ആക്കി മാറ്റുക എന്ന സംഘ പരിവാർ അജണ്ടയാണിപ്പോൾ ഇവർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതിരൂപത പത്രം എഴുതുന്നു.

ലേഖനം പൂർണമായും വായിക്കാം.

തീക്കൊള്ളികൊണ്ട് തല ചൊറിയരുത്

കെ.ജെ സാബു

മാലാഖമാർ കയറാൻ മടിക്കുന്നിടത്ത് സാത്താൻ കയറി ബ്രേക്ക് ഡാൻസ് കളിക്കും. അതാണ് കാലം.
കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്നറിയാത്ത ചിലർ സഭാസാരഥികളായി വരുമ്പോൾ അവർക്ക് വിശുദ്ധ ബൈബിളിനെക്കാൾ വലുത് ‘വിചാരധാര’യാണെന്നു തോന്നും.

ഇടുക്കി രൂപത അധികാരികൾ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്ന് അവരെ എങ്ങനെയാണ് ബോധ്യപ്പെടുത്തുക എന്ന് വല്യ നിശ്ചയമില്ല. പറഞ്ഞുവരുന്നത് കുട്ടികൾക്കായി അവർ നടത്തിയ ‘കേരള സ്റ്റോറി’ സിനിമാ പ്രദർശനത്തെ കുറിച്ചാണ്.
പ്രണയം ഒരു കെണിയാണെന്നാണ് ഇടുക്കി രൂപത വക്താവായ വൈദികൻ ചാനൽ മുറികളിൽ വന്നിരുന്ന് തട്ടിവിടുന്നത്.
അവൻ തനിച്ചായിരിക്കുന്നത് നന്നല്ല എന്നു തോന്നി, ആദാമിന് പ്രണയിക്കാൻ ഹവ്വയെ സൃഷ്ടിച്ചത് യഹോവയാണ്. പ്രണയമെന്നത് ലോകത്തിന്റെ നിലനിൽപ്പും അടിസ്ഥാന ചോദനയുമാണ്. ലോകത്തെ അത്രമേൽ പ്രണയിച്ചതിനാൽ ആണ് യേശു ലോകത്തിനായി സ്വജീവിതം ബലിയായ് നൽകിയത്. ഇതൊന്നും അറിയാത്തവരല്ല ഈ പുത്തൻകൂറ്റ് വൈദികർ. പിന്നെന്താണ് ഇവരിങ്ങനെ പ്രണയത്തെ കെണിയാണെന്നു പ്രചരിപ്പിക്കുന്നത്?
സത്യസന്ധമായി പറയുകയാണ് എന്ന മുഖവുരയോടെ രൂപത വക്താവ് വിളമ്പുന്നതു മുഴുവൻ പച്ചക്കള്ളമാണ്. രാജ്യത്തെ പാർലമെന്റിൽ ഇതു സംബന്ധിച്ച് നടത്തിയ ചർച്ചയും വെളിപ്പെടുത്തലും ഒന്നുമല്ല, വർഗീയ ഭ്രാന്തൻമാർ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന വാട്സ്ആപ് കണക്കുകളാണ് ആ വൈദികൻ എടുത്തുവീശുന്നത്.
ഇക്കണ്ട കാലമൊക്കെയും സഹോദര മതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ പുലർത്താതെ ജീവിച്ചവരാണ് കേരള ക്രൈസ്തവർ. അവരെ തികഞ്ഞ മുസ് ലിംവിരോധികൾ ആക്കി മാറ്റുക എന്ന സംഘ പരിവാർ അജണ്ടയാണിപ്പോൾ ഇവർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

‘കേരള സ്റ്റോറി’ എന്ന സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമയിൽ പറയുന്നത് 32,000 ക്രൈസ്തവ യുവതികളെ കേരളത്തിലെ ഇസ് ലാം മതത്തിൽ ജനിച്ച് ഇസ് ലാം വിശ്വാസികളായി ജീവിക്കുന്ന യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ് ലാമിക് സ്റ്റേറ്റിൽ അംഗങ്ങൾ ആക്കി എന്നാണ്.
ഇതിൽ പത്തു സ്ത്രീകളുടെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു കോടി രൂപ ഓഫർ ചെയ്തുകൊണ്ട് ഒരു മനുഷ്യൻ എഫ്ബിയിൽ എഴുതിയ കുറിപ്പ് വായിക്കാനിടയായി.
ഇടുക്കി രൂപത വക്താവിന് ഈ വെല്ലുവിളി ഏറ്റെടുക്കാവുന്നതാണ്. ഒരു കോടി അത്ര നിസ്സാരക്കാശല്ല!

ഓർക്കുക, 32,000 സ്ത്രീകളുടെ വിവരമൊന്നും വേണ്ട, വെറും പത്തുപേരുടെയെങ്കിലും വിവരങ്ങൾ കൊടുത്താൽ മതി!
2020 നവംബറിൽ ഐഎസുമായി ബന്ധമുള്ള ’66 ഇന്ത്യൻ വംശജരായ പോരാളികൾ” ഉണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ തീവ്രവാദത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു. ഇതിൽ നാലുപേർ മാത്രമാണ് മലയാളികൾ. ഈ റിപ്പോർട്ടിനു ശേഷം, 2021 സെപ്റ്റംബറിൽ, 37 കേസുകളുമായി ബന്ധപ്പെട്ട് 168 പേരെ അറസ്റ്റു ചെയ്തതായി ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി അറിയിച്ചിരുന്നു.
‘കേരള സ്റ്റോറി’ സിനിമയ്ക്ക് കേരളത്തിലെ തിയറ്ററുകളിൽ തണുപ്പൻ പ്രതികരണമാണു ലഭിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന പ്രദർശനങ്ങൾ പല തിയറ്ററുകളും റദ്ദാക്കി. പ്രമുഖ മൾട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്‌ക്രീനുകളിൽ പ്രദർശനം റദ്ദാക്കി. കേരളത്തിലെ മറ്റു തിയറ്ററുകളിലും ചാർട്ട് ചെയ്ത ഷോകൾ ക്യാൻസൽ ചെയ്തു. പ്രേക്ഷകർ കുറവായതിനെ തുടർന്നാണ് ചിലയിടങ്ങളിൽ ഷോ റദ്ദാക്കിയത്. ആദ്യ ഷോയ്ക്കു ശേഷം വളരെ മോശം അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചത്.
തലയ്ക്ക് വെളിവുള്ളവർ ആ വിദ്വേഷ സിനിമയെ തിരസ്‌കരിച്ചു എന്നു സാരം.

ഇന്ത്യയിലെ ഏറ്റവും പുരോഗാമിയായ സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കേരളം ഇവിടുത്തെ മാനവമൈത്രിയുടെയും മതസൗഹാർദ്ദത്തിന്റെയും പേരിൽ എല്ലായിടത്തും പ്രശംസിക്കപ്പെടുന്ന ഇടമാണ്. 2011-ലെ അവസാന സെൻസസ് പ്രകാരം കേരളത്തിലെ 33 ദശലക്ഷം ജനങ്ങളിൽ 27% മുസ് ലിംകളും 18% ക്രിസ്ത്യാനികളുമാണ്. ഇവരും ശേഷിക്കുന്ന ഹൈന്ദവ വിശ്വാസികളും അവിശ്വാസികളും ഒരുമയോടെ കഴിയുന്നൊരു നാട്ടിൽ തിരഞ്ഞെടുപ്പുകാലത്ത് ഏതോ പരിവാർ ‘തിങ്ക്ടാങ്കി’ന്റെ തന്ത്രം നടപ്പിലാക്കാനുള്ള കോടാലിക്കൈ ആയി ആരും അധഃപതിക്കരുതെന്നാണ് സ്ഥിരബുദ്ധിയുള്ള മനുഷ്യർ ആശിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles