മൂവാറ്റുപുഴ : കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മത്സരിക്കുന്ന പായിപ്ര പഞ്ചായത്ത് മുളവൂർ 10-ാം വാർഡിൽ മുസ്ലിം ലീഗ് റിബൽ സ്ഥാനാർഥി. കോൺഗ്രസ് മുളവൂർ മണ്ഡലം പ്രസിഡന്റ് പി.എം. അബൂബക്കർ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വാർഡിൻ മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റും, ഡിവിഷൻ വൈസ് പ്രസിഡന്റുമായ പി.പി.ഷറഫുദ്ധീനാണ് സ്വതതന്ത്രനായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ വാർഡിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
നിലവിൽ നിസ മൈതീനാണ് (കോൺഗ്രസ് ) വാർഡ് മെമ്പർ. യു.ഡി.എഫ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം കഴിഞ്ഞ വർഷം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എം.എസ്.അലിക്ക് നിസ മൈതീൻ വോട്ട് ചെയ്യാതെ മനപ്പൂർവം അസാധുവാക്കിയെന്ന ആരോപണം മുസ്ലിം ലീഗ് ഉന്നയിച്ചിരുന്നു. മണ്ഡലം പ്രസിഡന്റിന്റെ അറവോടെയാണ് സംഭവമെന്ന് ചൂണ്ടികാണിച്ച് വാർഡിൽ ഭിന്നത രൂക്ഷമായിരുന്നു. ഇടതുമുന്നണി പിന്തുണയോടെ കോൺഗ്രസ് വിമതൻ പി.എം. അസീസിസിനെയാണ് ് അന്ന് പ്രസിഡന്റായി തിരഞ്ഞടുത്തത്. പി.എം. അസീസ് അയോഗ്യനായി രാജിവച്ചതോടെ പിന്നീട് എം.എസ്.അലിക്ക് തന്നെ പ്രസിഡന്റ് സ്ഥാനം ലഭിച്ചു. എന്നാലും പ്രദേശികമായ ഭിന്നത തുടരുകായിരുന്നു.
ഇതിനിടെയാണ് പഞ്ചായത്തിൽ രണ്ടുവാർഡുകൾ വർധിച്ചത്. ഇതിൽ മുളവൂർ പ്രദേശത്തുള്ള 10 -ാം വാർഡ് മുസ്ലിം ലീഗിന് വേണമെന്ന് പ്രദേശിക നേതൃത്വം വാദിച്ചെങ്കിലും സിറ്റിങ് സീറ്റ് വിട്ടുകൊടുക്കുന്നതിന് കോൺഗ്രസ് തയ്യാറായില്ല. ഇതോടെയാണ് പി.പി. ഷറഫുദ്ധീൻ സ്വതന്ത്രനായി മത്സരിക്കുന്നതിന് പ്രചാരണം ആരംഭിച്ചത്. വാർഡിൽ സ്ഥാനാർഥിയായി പി.എം. അബൂബക്കറിനെ പരിഗണിക്കരുതെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിച്ചിരുന്നു. പഴയ എട്ടാം വാർഡിൽനിന്ന് ലീഗിന് സ്വാധീനമുള്ള 200 ലേറെ വോട്ടുകൾ കൂടി 10 ലേക്ക് ചേർത്തതിനാൽ വാർഡ് ലീഗിന് അർഹതപ്പെട്ടതാണെന്നും വാദിക്കുന്നു.
നിസയുടെ വോട്ട് മനപ്പൂർവം അസാധുവാക്കിയെന്ന ആരോപണം കോൺഗ്രസ് അംഗീകരിക്കുന്നില്ല. നിസ വോട്ട് ചെയ്ത് പരിശോധിനക്ക് മുസ്ലിം ലീഗ് നേതാക്കളെ തന്നെയാണ് ഏല്പിച്ചതെന്നും അവരാണ് വീഴ്ച വരുത്തിയതെന്നുമാണ് പി.എം.അബൂബക്കർ പറയുന്നത്. ഏതായാലും മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള വാർഡിൽ റിബൽ സ്ഥാനാർഥിയുടെ വരവ് എങ്ങനെ പ്രതിഫലിക്കുമെന്ന് വ്യക്തമല്ല.
2015 ൽ പി.എം. അബൂബക്കറായിരുന്നു ഇവിടെ നിന്ന്ു ജയിച്ചത്. ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാനുമായിരുന്നു.
സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം പി.എ.മൈതീൻ പയ്യക്കുടിയാണ് ഇടതുമുന്നണി സഥാനാർഥി.കർഷ സംഘം വില്ലേജ് സെക്രട്ടറി, കനിവ് മുളവൂർ മേഖല ട്രഷറർ, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു
