Home LOCAL NEWS Local Body Election മൂവാറ്റുപുഴ നഗരസഭ ഇനി ആര് ഭരിക്കും

മൂവാറ്റുപുഴ നഗരസഭ ഇനി ആര് ഭരിക്കും

mvpa nagaram

മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും, ഭരണം തിരിച്ചുപിടിക്കുന്നതിന് ഇടതുമുന്നണിയും തയ്യാറെടുക്കുന്നതോടെ മൂവാറ്റുപുഴയില്‍ തീപാറുന്ന പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി യു.ഡി.എഫ് അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തീകരിച്ചാണ് ഇക്കുറി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. അധികാരത്തര്‍ക്കത്തില്‍ വനിതകള്‍ തമ്മിലുള്ള പരസ്യമായ സംഘര്‍ഷവും പുറത്താക്കലും, കേസും അടക്കം നാണക്കേടുകള്‍ ഏറെയുണ്ടായെങ്കിലും അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചുവെന്നത് ശ്രദ്ദേയമാണ്.

മൂവാറ്റുപുഴ നഗരസഭ രൂപംകൊണ്ട് ആറരപതിറ്റാണ്ടിനിടയില്‍ പല തവണയായി 10 കൊല്ലംമാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണി ഭരിച്ചത്. കോണ്‍ഗ്രസ് നേതാവ് അന്തരിച്ച കെ.ആര്‍. സദാശിവന്‍ നായര്‍ 1974 ല്‍ രണ്ടര വര്‍ഷവും, 2000 ത്തില്‍ കെ.പി.സി.സി മെമ്പര്‍ എ.മുഹമ്മദ് ബഷീര്‍ രണ്ടര വര്‍ഷവും ചെയര്‍മാനായി. നിലവില്‍ ചെയര്‍മാനായ ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ് മാത്രമാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഏക യു.ഡി.എഫ് ചെയര്‍മാന്‍. 1958 ല്‍ പ്രഥമ നഗരസഭയില്‍ പരമേശ്വരന്‍നായര്‍ ഇടതുപക്ഷത്തിന്റെ ചെയര്‍മാനായി. തുടര്‍ന്ന് പി.പി.എസ്‌തോസ്, പി.എം. ഇസ്മയില്‍ അടക്കം 50 കൊല്ലത്തിലേറെ നഗരഭരണം കൈയാളിയത് സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷമാണ്.

2020 തിരഞ്ഞെടുപ്പില്‍ 28 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് 10, മുസ്ലിം ലീഗ് -2, കേരള കോണ്‍ഗ്രസ്-1, സിപിഎം- 8, സിപിഐ- 3, ബിജെപി -2 , സ്വതന്ത്രര്‍- 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. കോണ്‍ഗ്രസ് റിബലായി മത്സരിച്ച സ്വതന്ത്രന്‍ അബ്ദുല്‍ഖാദര്‍ അജിമോന്‍, ബിജെപി പിന്തുണയോടെ ജയിച്ച രാജശ്രീ രാജു എന്നിവര്‍ യു.ഡി.എഫ്് മുന്നണിയോടൊപ്പം ചേര്‍ന്നതോടെ 15 പേരുടെ പിന്തുണയോടെയാണ് ഭരണം യു.ഡി.എഫ് നിലനിര്‍ത്തിയത്.

13-ാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുത്ത പ്രമീള ഗിരീഷ്‌കുമാര്‍ കോണ്‍ഗ്രസുമായി പിണങ്ങി എല്‍.ഡി.എഫ് പക്ഷത്ത് ചേര്‍ന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയായി പ്രഖ്യാപിച്ചു. ഇവിടെ ഉപതിരഞ്ഞെടുപ്പില്‍ മേരികുട്ടി ചാക്കോ (യു.ഡി.എഫ് ) തന്നെ ജയിച്ചതോടെ അംഗബലത്തില്‍ മാറ്റമുണ്ടായില്ല.

ഇക്കുറി ചെയര്‍മാന്‍ സ്ഥാനം വനിത സംവരണമായ നഗരത്തില്‍ പഴയ ആധിപത്യം വീണ്ടെടുക്കുന്നതിന് ഇടതുപക്ഷം വിജയ സാധ്യതയുള്ള ശക്തരായ സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കുന്നത്. പിടിച്ചടക്കിയ നഗരം കൈവിടാതെ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. നഗര വികനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളുമായിരിക്കും ഇരു മുന്നണികളുടെ പ്രചാരണായുധം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version