കൊലപാതകകേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ വിനു മണി (28) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ല കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, ഭയപ്പെടുത്തിയുള്ള കവർച്ച തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടയാളാണ്.
2020ൽ നെടുമ്പാശ്ശേരി കയ്യാലപ്പടിയിൽ വച്ച് ജിസ്മോൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ ശ്രീമൂലനഗരം പട്ടരുപറമ്പ് ഭാഗത്ത് വച്ച് യുവാവിനെ ആക്രമിച്ചതിന് കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. നെടുസാശ്ശേരി സബ്ബ് ഇൻസ്പെക്ടർ ടി.എസ് അഭിജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻ മോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ സി.എസ് സൂരജ്, സി.ഗിരീഷ്, മുഹമ്മദ് അഷർ, എന്നിവരാണ് അറസ്റ്റ് ചെയ്തത്
