കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും തുടര്‍ന്നുവരുന്ന നിയമസഭയിലേക്കും ഉള്ള തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി റോപ്പ് – ഇന്ത്യ എന്ന സാമൂഹിക പ്രസ്ഥാനം പ്രകടനപത്രിക പ്രഖ്യാപിച്ചു.
റിപ്പബ്ലിക് ഓഫ് പബ്ലിക് പവര്‍ ഇന്ത്യ (റോപ്പ് – ഇന്ത്യ) യുടെ ആഭിമുഖ്യത്തിലും ആശിര്‍വാദത്തിലും കേരളത്തിലുള്ള കാര്‍ഷിക സംഘടനകള്‍, സാമൂഹിക പരിസ്ഥിതി സംഘടനകള്‍ തുടങ്ങിയവയുടെ കൂട്ടായ്മയാണ് ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനാധികാര ജനാധിപത്യം എന്ന നൂതന രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സംഘടനയാണ് റോപ്പ് – ഇന്ത്യ. ജനാധികാര ജനാധിപത്യം എന്ന തത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവും അത്രയിത ആശ്രമത്തിന്റെ ആചാര്യനും ആയ സ്വാമി ഗുരുശ്രീ ജനശബ്ദം എന്ന കാര്‍ഷിക സംഘടനയുടെ നേതാവ് ജോയ് ജോസഫ് മുക്കംതോട്ടത്തിന് കൈമാറി റോപ്പ് – ഇന്ത്യ യുടെ പ്രകടനപത്രിക പ്രകാശനം ചെയ്തു.
ജനാധികാര ജനാധിപത്യത്തില്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്നിങ്ങനെ രണ്ടു തട്ടില്ല, അത് രാജഭരണത്തിന്റെ ഗതിവിഗതികളാണ്. ഇന്ന് ജനാധിപത്യത്തിലുള്ള ദുഷിച്ച വഴക്കം തുടരുന്നുണ്ട്. ജനാധികാരത്തില്‍ പൗരാധികാരമാണ് പരമപ്രധാനം. ഇന്നുള്ള വോട്ടവകാശം പരമാധികാരമല്ല. പൗരന്മാരെ യാചകരാക്കുകയും നേതാക്കള്‍ അധികാരികളായി ചമയുകയും ആണ്. ജനാധികാര ജനാധിപത്യം പൗരാധികാരത്തിന്റെ മഹനീയതയാണ് വിളംബരം ചെയ്യുന്നത്. ഭരണകൂടത്തില്‍ നിന്ന് അധികാരം നീക്കം ചെയ്യുകയും പൗരന്മാരില്‍ അത് നിക്ഷേപിക്കുകയുമാണ് ജനാധികാര ജനാധിപത്യം. അല്ലാതെയുള്ള ഇന്നത്തെ ക്രമം രാജാധികാരം തന്നെയാണ്. ആയതിന് ശാശ്വതമായ മാറ്റം വരുത്തണമെന്ന് സ്വാമി ഗുരുശ്രീ പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ എന്‍.ജെ. മാത്യു (റിട്ടേഡ് വിംഗ് കമാന്‍ഡര്‍), അഡ്വക്കേറ്റ് സോനു അഗസ്റ്റിന്‍, ശിവ മാക്രോ, റോജര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു
