Thursday, May 16, 2024

വിദ്വേഷ രാഷ്ട്രീയത്തിന്റെ നാൾവഴികൾ

Social media share

by കുന്നത്തൂർ രാധാകൃഷ്ണൻ

എടക്കാട് ഡയറി – 15

വിനോദ് കൃഷ്ണയ്ക്ക് ഇപ്പോള്‍ തിരക്കേറിയ നാളുകളാണ്.” 9mm ബെരേറ്റ” നോവൽ പുറത്തിറങ്ങിയ ശേഷം അതിന്റെ ചർച്ചകളുമായി ബന്ധപ്പെട്ട് പര്യടനത്തിലാണ് അദ്ദേഹം. ഇതിനെ “നോവൽ പര്യടനം” എന്ന് വിളിക്കാമെന്ന് തോന്നുന്നു. വിനോദ് കൃഷ്ണ രചിച്ച 9mm ബെരേറ്റ നോവൽ പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും തീർത്തും വ്യത്യസ്തമായ അനുഭവതലമാണൊരുക്കുന്നത്.

മലയാളസാഹിത്യത്തിലും സിനിമയിലും മായ്ച്ചുകളയാനാവാത്ത മുദ്ര പതിപ്പിച്ച, മൗലികതയുടെ പരിമളം പരത്തുന്ന വിനോദ് കൃഷ്ണ എടക്കാട്ടുകാരനാണ്. നെഞ്ചുന്തിപ്പാലത്തിനപ്പുറം കനോലിക്കനാലിന്റെ കരയിലാണ് അദ്ദേഹത്തിന്റെ വീട്. വിനോദിന്റെ ജനനവും പ്രാഥമികവിദ്യാഭ്യാസവും ബിഹാറിലായിരുന്നു.അദ്ദേഹത്തിന്റെ പിതാവിന് ബിഹാറിലായിരുന്നു ജോലി. അതിനാൽ കുടുംബം അങ്ങോട്ട് പറിച്ചുനട്ടു. എടക്കാട്ട് തിരിച്ചെത്തി ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മലയാളം എഴുതാനും വായിക്കാനും പഠിക്കാൻ ശ്രമിക്കുന്നത്. അങ്ങനെയുള്ളൊരാൾ മലയാളം നോവലിസ്റ്റാവുക എന്ന വിസ്മയമാണ് ഇവിടെ സംഭവിക്കുന്നത്. യുഎ. ഖാദറിലാണ് ഇത്തരമൊരു വിസ്മയം നേരത്തെ കണ്ടത്. ഖാദർ ജനിച്ചതും ബാല്യകാലം ചെലവഴിച്ചതും
ബർമ്മ(ഇപ്പോഴത്തെ മ്യാൻമർ)യിലായിരുന്നുവല്ലോ!പത്തുവയസ്സ് കഴിഞ്ഞിട്ടും മലയാളം പിടികിട്ടാതിരുന്ന ഖാദറാണ് “ഫോക് ലോർ”ഭാഷയിൽ “തൃക്കോട്ടൂർ പെരുമ”എഴുതിയതെന്നത് മഹാവിസ്മയമായി നമ്മുടെ മുന്നിലുണ്ട്.
എടക്കാട് ഗ്രാമത്തിന്റെ സ്നേഹ പരിലാളനകളേറ്റുവളർന്ന ബഹുമുഖ പ്രതിഭയാണ് വിനോദ് കൃഷ്ണ. എടക്കാട്ടെ മനുഷ്യരും ഇവിടത്തെ ജീവിതവുമാണ് തന്നെ രൂപപ്പെടുത്തിയതെന്നാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലം.

അത്താണിക്കൽ പ്രോഗ്രസീവ് ലൈബ്രറിയിലെ വായനയും അവിടത്തെ കൂട്ടുകാരും ജീവിതത്തെ പുതിയൊരു രീതിയിൽ നോക്കിക്കാണുന്നതിന് പ്രേരകശക്തിയായി. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിൽ ആഗോളീകരണ ദുരിതങ്ങളുടെ (പ്ലാച്ചിമട പോലെ) കഥകൾ വന്നുതുടങ്ങിയപ്പോൾ വിനോദിൽ ഇടതുപക്ഷഭാവന മൊട്ടിട്ടു. അതിന്റെ ഫലമായി മയ്യൻകാലം എന്ന ഹ്രസ്വചിത്രം പിറന്നു.മയ്യൻകാലത്തിന്റെ തിരക്കഥയും സംവിധാനവും വിനോദിന്റെതായിരുന്നു. പ്രോഗ്രസീവ് ലൈബ്രറിയുടെ ബാനറിലായിരുന്നു സിനിമാനിർമ്മാണം.അന്ന് അഹോരാത്രം ഓടിനടന്ന വിനോദിന്റെ മുഖം ഇപ്പോഴും എന്റെ മനോമുകുരത്തിലുണ്ട്. ചിത്രത്തിന്റെ നിർമ്മാണത്തിന് പണം സ്വരൂപിക്കാന്‍ അഴുക്കുചാൽ വൃത്തിയാക്കൽ പോലുള്ള കായികാധ്വാനങ്ങൾ ലൈബ്രറി പ്രവർത്തകർക്ക് ചെയ്യേണ്ടിവന്നു. വായനയും അനുഭവങ്ങളുടെ കരുത്തും, മൗലികവും തീക്ഷ്ണവുമായ ഒരു ഭാഷ വികസിപ്പിച്ചെടുക്കാൻ വിനോദിനെ സഹായിച്ചിട്ടുണ്ട്.

മയ്യൻകാലം ജലചൂഷണത്തെ മുൻനിർത്തി നിർമ്മിച്ച ചിത്രമായിരുന്നു. അക്കാലത്ത് പ്ലാച്ചിമടയിലെ ബഹുരാഷ്ട്ര ഭീമനായ കൊക്കക്കോലക്കെതിരെ സമരം നടക്കുന്നുണ്ട്.ബൊളീവിയയിലെ കൊചവാമ്പോയിൽ നടന്ന ജലയുദ്ധത്തിന്റെ പാഠം ലോകത്തിന്റെ മുന്നിലുള്ള നാളുകളിലാണ് മയ്യൻകാലം സംഭവിക്കുന്നത്. എടക്കാട്ടെ വിവിധയിടങ്ങളിൽ വെച്ചായിരുന്നു മയ്യൻകാലത്തിന്റെ ചിത്രീകരണം. അഭിനേതാക്കളും എടക്കാട്ടുകാർ തന്നെ. കോഴിക്കോട് ടൗൺഹാളിലായിരുന്നു പ്രഥമ പ്രദർശനമെന്ന് ഓർക്കുന്നു. ചിത്രത്തിന് മാധ്യമങ്ങളില്‍ ഭേദപ്പെട്ട ഇടം കിട്ടി. “ദ ഹിന്ദു”വിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ആർ. മാധവൻനായർ “ഫ്രൈഡെ റിവ്യൂ” വിൽ മികച്ച ആസ്വാദനമെഴുതി-Digging for the elixer of life(ജീവാമൃതത്തിന് വേണ്ടിയുള്ള കുഴിവെട്ടൽ). “വർത്തമാനം” പത്രത്തിൽ ഈ ലേഖകനും ഒരു ആസ്വാദനമെഴുതിയിരുന്നു.

മയ്യൻകാലം വേൾഡ് വാട്ടര്‍ ഫോറം ആൻഡ് ഫിലിം ഇവന്റ്-മെക്സിക്കോ, വേൾഡ് സോഷ്യൽ ഫോറം-മുംബൈ, ടൊറാണ്ടോ ഇന്റിപെൻഡൻഡ് ഫിലിം ഫെസ്റ്റിവെൽ എന്നിവിടങ്ങളിൽ ഒഫീഷ്യൽ എൻട്രി നേടി. ഈലം എന്ന മറ്റൊരു സിനിമയും വിനോദ് സംവിധാനം ചെയ്തിട്ടുണ്ട്. ഈലം, ഗോൾഡൻ സ്റ്റേറ്റ് അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡും പോർട്ടോറിക്കയിലെ ബയമോൺ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ജൂറിപ്രൈസും കരസ്ഥമാക്കി.രാജ്യത്താദ്യമായി “പോയട്രി ഇൻസ്റ്റലേഷൻ” എന്ന നവീന കലാസംരംഭത്തിന് ചുക്കാൻ പിടിച്ചത് വിനോദ്കൃഷ്ണയാണ്. ശബ്ദം, സംഗീതം, ശില്പം, കവിത എന്നിവയെ സമന്വയിപ്പിക്കുന്ന പോയട്രി ഇൻസ്റ്റലേഷൻ ചിന്തോദ്ദീപകമായ രംഗാനുഭവമായിരുന്നു. കൊച്ചിയിൽ 2015ൽ പോയട്രി ഇൻസ്റ്റലേഷൻ ഉദ്ഘാടനം ചെയ്തത് ലോകപ്രശസ്ത നർത്തകി മല്ലികാ സാരാഭായ് ആയിരുന്നു. തുടർച്ചയായി നാലുവർഷങ്ങളിൽ ഇത് കൊച്ചിനഗരത്തെ പുത്തൻ സൗന്ദര്യാനുഭൂതിയിലാഴ്ത്തി.

ലോകത്തെ ഗൗരവമായി നിരീക്ഷിക്കുന്ന ഏതൊരു എഴുത്തുകാരനെയും പോലെ വിനോദും ഇടതുപക്ഷത്താണ് നിലയുറപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കല(സിനിമയിലായാലും സാഹിത്യത്തിലായാലും) യിൽ അവാങ് ഗാഡ് (Avant garde) സൗന്ദര്യത്തിന്റെ കരുത്ത് ദൃശ്യമാണ്. പത്രപ്രവർത്തനത്തിലും വിനോദിന്റെ കൈയൊപ്പുണ്ട്. കുറെക്കാലം ഡൽഹിപ്രസ്സിൽ എഡിറ്റോറിയൽ ഇൻ ചാർജ് ആയിരുന്നു.
കണ്ണുസൂത്രം, ഉറുമ്പുദേശം എന്നീ കഥാസമാഹാരങ്ങളോടെ മലയാളസാഹിത്യത്തിൽ സ്വന്തമായ ഒരിടം കണ്ടെത്താൻ വിനോദിന് കഴിഞ്ഞു. കഥാകാരൻ സമ്മാനിച്ച സൗന്ദര്യത്തിന്റെ പുത്തൻ അനുഭൂതി വായനക്കാരിൽ നിന്ന് മാഞ്ഞുപോകുന്ന തിന് മുമ്പ് നോവലെത്തി-9mm ബെരേറ്റ.ലോകമന:സാക്ഷിയെ ഞെട്ടിച്ച മഹാത്മജിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ വികാസം പ്രാപിക്കുന്നത്. എന്നാല്‍ മഹാത്മജി കഥയിൽ വളരെയൊന്നും പ്രത്യക്ഷപ്പെടുന്നില്ല.9mm ബെരേറ്റ ഗാന്ധിജിയെ വധിക്കാൻ ഉപയോഗിച്ച സെമി ഓട്ടോമാറ്റിക് തോക്കാണ്. നാഥുറാം ഗോഡ്സെയും നാരായൺ ആപ്തെയും അവരുടെ സഹായികളും മഹാത്മാവിന്റെ കൊലപാതകം നടപ്പാക്കിയതിന്റെ നാൾവഴികളിലൂടെയും വർത്തമാനകാലത്തിലൂടെ യുമാണ് നോവൽ സഞ്ചരിക്കുന്നത്.നോവലിന്റെ ആമുഖത്തിൽ വിനോദ്കൃഷ്ണ പറയുന്നു:ഈ നോവലിൽ ഞാൻ സഞ്ചരിച്ച ലോകമുണ്ട്. കണ്ടുമുട്ടിയ മനുഷ്യരുണ്ട്. കഥാപാത്രങ്ങൾ സഞ്ചരിച്ച ലോകമുണ്ട്. അവർ കണ്ടുമുട്ടിയ മനുഷ്യരുമുണ്ട്. ഇതെല്ലാം ചേർന്ന അനുഭവലോകമാണ്” 9mm ബെരേറ്റ”യുടെ ഭൂമിക. ഇതെഴുതുമ്പോൾ പുതിയ ഭാവനാലോകവും പുതിയ യാഥാർഥ്യത്തിന്റെ ലോകവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ സംഘർഷമാണ് സത്യത്തിൽ നോവലിന്റെ ഭാഷ സൃഷ്ടിച്ചത്.

മനുഷ്യവിരുദ്ധമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ അമ്പരപ്പിക്കുന്ന വ്യാപനത്തിന്റെ പൊരുൾ തേടി രണ്ടു കാലങ്ങളിലൂടെ നോവൽ കടന്നുപോകുമ്പോള്‍ ഒരു യാഥാർഥ്യം തെളിഞ്ഞു വരുന്നു-ഗോഡ്സെ മരിച്ചിട്ടില്ല. ആയിരത്തിതൊള്ളായിരത്തി നാല്പതുകളുടെ സങ്കീർണതയിൽ നിന്ന് പുതിയ നൂറ്റാണ്ടിന്റെ ഹിംസാത്മകമായ,വിദ്വേഷത്തിന്റെ ചോരപുരണ്ട അന്തരീക്ഷത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന നോവലിസ്റ്റ് നിശ്ശബ്ദമായി മന്ത്രിക്കുന്നു:ഇതാ നിങ്ങളുടെ ഇന്ത്യ. കണ്ടുകൊള്ളുക!
നിരവധി വർഷങ്ങളിലെ ഗവേഷണയാത്രകളുടെ ഫലമാണ് ഈ നോവൽ.
മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ച 9mm ബെരേറ്റ നോവൽ ഡിസി. ബുക്സാണ് പുസ്തകരൂപത്തിലാക്കിയത്. വായനാലോകത്തിന് പുതുഭാവുകത്വം സമ്മാനിച്ച ഈ രാഷ്ടീയനോവൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ചർച്ചയാവുന്നുണ്ട്.
ലൈബ്രറികളും പുരോഗമന കലാസാഹിത്യ സംഘ (പുകസ)വുമാണ് നോവൽ ചർച്ചകൾക്ക് പ്രധാനമായും കാർമ്മികത്വം വഹിക്കുന്നത്.ചർച്ചകളിൽ കഴിയാവുന്നിടത്തെല്ലാം നോവലിസ്റ്റ് ഓടിയെത്തുന്നു.
കാലികപ്രസക്തമായ ഈ നോവലിന് ടികെസി വടുതല ജന്മശതാബ്ദി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേരളമാകെ ചർച്ചയാവുന്ന ഒരു നോവൽ വിനോദ്കൃഷ്ണയ്ക്ക് എഴുതാൻ കഴിഞ്ഞതിൽ എല്ലാ എടക്കാട്ടുകാരെയും പോലെ ഇവനും അഭിമാനിക്കുന്നു. പൂട്ടിപ്പോയ മാവൂർ ഗ്വാളിയർ റയൺസ് ഫാക്ടറിയുടെ പശ്ചാത്തലത്തിൽ മറ്റൊരു നോവലിന്റെ മുന്നൊരുക്കത്തിലാണ് വിനോദ്. അത് വ്യത്യസ്തമായ ഒരു അനുഭവലോകം തീർക്കുമെന്നുറപ്പാണ്. നമുക്ക് കാത്തിരിക്കാം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

4,599FansLike
3,912FollowersFollow
21,700SubscribersSubscribe

Latest Articles