Top 5 This Week

Related Posts

വോട്ട് കൊള്ളക്കെതിരെ പ്രമേയവുമായി മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്‌

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്ഥാപനം വോട്ട് കൊള്ളക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നത്

മുവാറ്റുപുഴ : വോട്ട് കൊള്ളക്കെതിരെ പ്രമേയം അവതരിപ്പിച്ചു യുഡിഎഫ് ഭരിക്കുന്ന മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ ഭരണ സമിതി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്ഥാപനം വോട്ട് കൊള്ളക്കെതിരെ രംഗത്ത് വരുന്നത്.

സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പുകളാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും എന്നാൽ സമീപകാലത്തായി വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായും എസ്.ഐ.ആർ നടപടികളിലൂടെ വോട്ട് എന്ന പൗരവകാശത്തെ നിഷേധിക്കുന്നതായുള്ള വാർത്തകൾ രാജ്യത്തെ ജനാധിപത്യ വിശ്വാസികളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സാബു ജോൺ അവതരിപ്പിച്ച പ്രമേയം പറയുന്നു.

പൗരന്മാരുടെ സമ്മതിദാന അവകാശത്തെ അട്ടിമറിക്കുന്ന ‘വോട്ട് കൊള്ള’ എന്ന പ്രവണത വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണ്. ഈ സാഹചര്യത്തിൽ, ശക്തമായ ജനാധിപത്യം ഉറപ്പുവരുത്തുന്നതിനായി ഭരണകൂടങ്ങൾ ഇടപ്പെടണമെന്ന് ബ്ലോക്ക് പഞ്ചായത്ത്‌ പ്രമേത്തിലൂടെ ആവശ്യപ്പെടുന്നു.വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യപ്പെടുന്നത് തടയണം. അർഹരായ എല്ലാ പൗരന്മാർക്കും വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കാൻ ലളിതവും സുതാര്യവുമായ സംവിധാനം ഒരുക്കണം.

വോട്ടർമാരുടെ വിവരങ്ങൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സ്വകാര്യ ഏജൻസികൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ചോർത്തി നൽകുന്ന ഉദ്യോഗസ്ഥർക്കും കുറ്റവാളികൾക്കുമെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.സ്വന്തം വോട്ട് പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്താനും, വ്യാജ പ്രചാരണങ്ങളിൽ വീഴാതെ സമ്മതിദാന അവകാശം വിനിയോഗിക്കാനും ജനങ്ങളെ പ്രാപ്തരാക്കുന്ന വിപുലമായ ബോധവൽക്കരണ പരിപാടികൾ ബന്ധപ്പെട്ട അധികൃതർ സംഘടിപ്പിക്കണം.

പൗരന്റെ ഏറ്റവും വലിയ ആയുധമായ വോട്ടവകാശം സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികളെല്ലാവരും ഒന്നിച്ച് പോരാടേണ്ടതുണ്ട്. വോട്ട് കൊള്ള പോലുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ ചെറുത്തുതോൽപ്പിക്കാനും, വരും തലമുറയ്ക്കായി ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനുമാണ് പ്രമേയം അവതരിപ്പിച്ചതെന്ന് സാബു ജോൺ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുഭാഷ് കടയ്ക്കോട് പിന്താങ്ങി സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നെജി ഷാനവാസ്‌, വൈസ് പ്രസിഡന്റ്‌ ജോസ് പെരുമ്പിള്ളിക്കുന്നേൽ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ രജിത സുധാകരൻ, സീനത്ത് അസീസ്, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ ജെയ്‌സ് ജോൺ, ലിസി ജോളി, സുലേഖ മക്കാർ, അംഗങ്ങളായ സുഭാഷ് കടയ്ക്കോട്, ഫൈസൽ വടക്കനേത്ത്, പി.കെ മനോജ്‌, ജോൺ കളമ്പുക്കാട്ടിൽ, ബിന്ദു ജോർജ്, ജോഫി ആന്റണി, മേഴ്സി ജോർജ്, സഹീറ മജീദ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles