മുവാറ്റുപുഴ: മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് (എച്.എൽ.എൽ.) നടപ്പിലാക്കിവരുന്ന അമൃത് ഫാർമസി, ഹെൽത്ത് ലാബ് പദ്ധതികൾക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി എച്. എം.സി) അംഗീകാരം നൽകി. ഇതോടെ ആശുപത്രിയിൽ ആധുനിക ലബോറട്ടറിയും ഫാർമസിയും ഉൾപ്പെടെയുള്ള അധിക സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാകുമെന്ന് നഗരസഭാചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി പ്രസ്താവിച്ചു
അൾട്രാസൗണ്ട് സ്കാൻ, വിവിധ തരത്തിലുള്ള സി.ടി. സ്കാനുകൾ, സ്പെഷ്യാലിറ്റി ബ്ലഡ് ടെസ്റ്റുകൾ തുടങ്ങിയ ആധുനിക പരിശോധനകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. ഇതിലൂടെ ഇത്തരം പരിശോധനകൾക്കായി സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാർക്ക് വലിയ സാമ്പത്തിക ആശ്വാസം ലഭിക്കും.
ഡയാലിസിസിന് ആവശ്യമായ വിവിധ മരുന്നുകൾ, ഓർത്തോപീഡിക് ഇംപ്ലാന്റുകൾ തുടങ്ങി സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും അനുബന്ധ മെഡിക്കൽ ഉൽപ്പന്നങ്ങളും വിപണിവിലയേക്കാൾ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിക്കും.
കാഷ്വാലിറ്റി, ഒ.പി. വിഭാഗങ്ങളിലെത്തുന്ന രോഗികൾക്ക് ആവശ്യമായ സഹായവും ഏകോപനവും ഉറപ്പാക്കുന്നതിനായി നഴ്സ് കം കോർഡിനേറ്ററെ നഗരസഭ നേരിട്ട് നിയമിക്കുന്നതിനും തീരുമാനിച്ചു. പരിശോധനകൾ, ചികിത്സാ നടപടികൾ, മറ്റ് ആശുപത്രി സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിൽ രോഗികൾക്ക് ആവശ്യമായ മാർഗനിർദേശവും സഹായവും നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
എച് എൽഎൽ അമൃത് പദ്ധതി നടപ്പിലാക്കുന്നത് കെ.എ. നാവാസും, നഴ്സ് കം കോർഡിനേറ്ററെ നഗരസഭ നേരിട്ട് നിയമിക്കാനുള്ള തീരുമാനത്തിൽ സജി ജോർജും കെ.എ. നവാസും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്നും ചെയർ പേഴ്സൺ പറഞ്ഞു






