അറസ്റ്റിനിടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തെങ്കിലും പ്രശ്നം രൂക്ഷമാകാതെ അവസാനിച്ചു
മൂവാറ്റുപുഴ : എല്‍.ഡി.എഫ് ഉപരോധം നഗരസഭ പ്രവര്‍ത്തനം സ്തംഭിച്ചു. ഉച്ചയോടെ സമരക്കാരെ പോലീസ് അറസ്സ് ചെയ്തു നീക്കി. ആദ്യം പ്രവര്‍ത്തകരും നേതാക്കളും അറസ്റ്റിനു വഴങ്ങാതിരുന്നതും അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ കയററിയ പോലീസ് വാന്‍ തടഞ്ഞതും നേരിയ സംഘര്‍ഷത്തിനിടയാക്കി.
ഉപരോധം നേരിടുന്നതിന് മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്. മനോജിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയത്. ജലപീരങ്കി ഉള്‍പ്പെടെ സജ്ജീകരിച്ചിരുന്നു. മൂവാറ്റുപുഴക്കു പുറമെ, കോതമംഗലം, പിറവം, കൂത്താട്ടുകുളം , പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും, 13 പോലീസ് സ്റ്റേഷനില്‍ എസ്ഐമാരും, വനിതാ പോലീസ് സ്ഥലത്ത് എത്തി.

കേന്ദ്ര ഫിനാൻസ് കമ്മീഷൻ ഫണ്ട് മുഴുവൻ വാർഡുകളിലേക്കും ഒരുപോലെ വീതിച്ചു നൽകുക, ചെയർപേഴ്സന്റെ നേതൃത്വത്തിൽ നഗരസഭയിൽ യു.ഡി.എഫ് നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക, പ്രതിപക്ഷ കൗൺസിലർമാർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക, ഓണാഘോഷ ഫണ്ട് വെട്ടിപ്പ് സമഗ്രമായി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉന്നയിച്ചാണ് ഇടതുമുന്നണി നഗരസഭ വളയല്‍ സമരം സംഘടിപ്പിച്ചത്.
രാവിലെ 7.30 ഓടെ ആദ്യം എത്തിയ പ്രവര്‍ത്തകര്‍ നഗരസഭയുടെ പ്രധാന കവാടവും കാന്റീലേക്കുള്ള വഴിയും ഉപരോധിച്ചു. ജീവനക്കാര്‍ ഉള്‍പ്പെടെ ആരും സമരം അവസാനിക്കും വരെ ഓഫീസിലേക്ക് എത്തിയില്ല. മുന്‍ മുനിസിപ്പല്‍ ചെയര്മാന് പി.എം. ഇസ്മയില്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം കരീം യോഗത്തിൽ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. എൻ. അരുൺ, സി.പി.ഐ.എം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ സജി ജോർജ്, യു.ആർ. ബാബു, വി.ആര് ശാലിനി, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ. നവാസ്, കേരള കോൺഗ്രസ് എം ജില്ലാ സെക്രക്രട്ടറി സിജോ ജോൺ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇമ്മാനുവൽ പാലക്കുഴി, സിപിഐഎം നേതാക്കളായ സി കെ സോമൻ എം ആർ പ്രഭാകരൻ , കെ ജി അനിൽകുമാർ, ആർ രാകേഷ്, പി ബി അജിത് കുമാർ, സിപിഐ മുൻസിപ്പൽ സെക്രട്ടറി കെ പി അലി കുഞ്ഞ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
യോഗം അവസാനിച്ചതോടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന് പോലീസ് മുന്നോട്ടുവന്നു. ഇതോടെ നേതാക്കള്‍ ഉള്‍പ്പെടെ അറസ്റ്റിനുവഴങ്ങാതെ നിലത്ത് കിടന്ന് മുദ്രാവാക്യം വിളിച്ചു.ആദ്യം ചിലരെ പോലീസുകാര്‍ വാനിലേക്ക് കൊണ്ടുപോകുന്നതിന് ബലം പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതും, അറസ്റ്റിലായവരുമായി സ്റ്റേഷനിലേക്ക് പോകുന്നതിന് തയ്യാറായ വാന്‍ തടഞ്ഞതും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയെങ്കിലും പ്രശ്നം രൂക്ഷമാകാതെ അവസാനിച്ചു.
