സിഎഫ്സി ഫണ്ട് വിനിയോഗം പ്രതിപക്ഷ ആരോപണം തള്ളിയെന്ന് ജോയ്സ് മേരി ആന്റണി
മുവാറ്റുപുഴ സി.എഫ്.സി പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം ലഭിച്ചതായി ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അറിയിച്ചു.
പ്ലാൻ ഫണ്ടിലെ 12 കോടിക്ക് പുറമേയാണ് 9 കോടി രൂപയുടെ സിഎഫ്സി പദ്ധതികൾക്കും ഡി പി സി അംഗീകാരം ലഭിച്ചത്.
ഇതോടെ സി.എഫ്.സി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിഞ്ഞതായി ചെയർപഴ്സൺ പ്രസ്താവിച്ചു.
പദ്ധതികൾ നടപ്പിലാക്കരുതെന്നും ഡി.പി.സി അംഗീകാരം നൽകരുതെന്നും പദ്ധതികൾ മരവിപ്പിക്കണമെന്നുമായിരുന്നു പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം. നഗരത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കുമുള്ള വെല്ലുവിളിയും ജനങ്ങൾക്ക് എതിരായുള്ള നിലപാടുമാണ്.സി.എഫ്.സി ഗ്രാന്റ് ഉപയോഗിച്ച് ആവിഷ്കരിച്ച പദ്ധതികളിൽ ഫണ്ട് വിനിയോഗത്തിൽ യാതൊരു വിവേചനവുമില്ലെന്നും എല്ലാ വാർഡുകളെയും ജനവിഭാഗങ്ങളെയും പരിഗണിച്ച് നഗരത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വിവിധ വാർഡുകളിലായി 50 ലക്ഷം രൂപയുടെ പദ്ധതികൾക്കും നഗരത്തിലെ മാലിന്യസംസ്കരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള എഫ്.എസ്.ടി.പി പദ്ധതിക്ക് 4 കോടി രൂപയും തകർന്ന റോഡുകളുടെ നവീകരണത്തിനായി 90 ലക്ഷം രൂപയുടെയും പദ്ധതിക്ക് ഡി.പി.സി അംഗീകാരം ലഭിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള സത്രം കോംപ്ലക്സ്, പേ വാർഡ് കോംപ്ലക്സ്, കച്ചേരിത്താഴം കോംപ്ലക്സ്, കോടതി കോംപ്ലക്സ് തുടങ്ങിയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി 81 ലക്ഷം രൂപയുടെ പദ്ധതികൾക്കും അർബൻ ഹട്ട് പ്രവർത്തനസജ്ജമാക്കുന്നതിനുള്ള 30 ലക്ഷം രൂപയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചു.
വിവിധ വാർഡുകളിൽ പുതിയ അങ്കണവാടികൾ പണിയുന്നതിന് സ്ഥലം വാങ്ങുന്നതിനുള്ള 25 ലക്ഷം രൂപയുടെ പദ്ധതിക്കും ഭവനരഹിതർക്ക് വീട് നിർമിക്കുന്നതിനും വിവിധ വാർഡുകളിൽ ഓടകൾക്ക് കവറിങ് സ്ലാബുകൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികൾക്കും ഡി.പി.സി അംഗീകാരം നൽകിയിട്ടുണ്ട്.
നഗരത്തിന്റെ പൊതുവായ വികസനവും ജനങ്ങളുടെ ക്ഷേമവുമാണ് ഫണ്ട് വിനിയോഗത്തിലെ പ്രധാന പരിഗണന. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു സമരനാടകങ്ങൾ അപലപനീയമാണെന്നും ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി പറഞ്ഞു.
