മൂവാറ്റുപുഴ : ഓട്ടോ-ടാക്സി കൂലി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്
സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന വ്യാപകമായി നവം. 12 ന് നടത്തുന്ന പണിമുടക്ക് സമരം മൂവാറ്റുപുഴയിൽ വിജയിപ്പിക്കുവാൻ സംയുക്ത ട്രേഡ് യൂണിയൻ യോഗം തീരുമാനിച്ചു.
വർദ്ധിച്ചുവരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പെട്രോൾ – ഡീസൽ ഇന്ധന വിലവർദ്ധനവ്, സ്പെയർ പാർട്സുകളുടെയും അറ്റകുറ്റപ്പണികളുടെയും കനത്ത ചെലവ് എന്നിവ കണക്കിലെടുത്ത് ഓട്ടോ- ടാക്സി കൂലി കാലാനുസൃതമായി പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നവം 12 ന് ആണ് പണിമുടക്ക് സമര നടക്കുന്നത്.
മൂവാറ്റുപുഴയിൽ ചേർന്ന യോഗത്തിൽ എഐറ്റിയുസി ഓട്ടോ യൂണിയൻ സെക്രട്ടറി ടി.എസ്. ബിവിൻ അധ്യക്ഷത വഹിച്ചു.എറണാകുളം ജില്ല ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) മൂവാറ്റുപുഴ ഏരിയ പ്രസിഡൻ്റ് സജി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ജഗതി ശിവൻ, ജോ. സെക്രട്ടറി ഹരികുമാർ എന്നീവർ സംസാരിച്ചു.
വർഷങ്ങൾക്ക് മുമ്പത്തെ നിരക്കിൽ വണ്ടി ഓടിക്കേണ്ടി വരുന്നതിനാൽ ഓട്ടോ-ടാക്സി തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ട് ചാർജ് വർദ്ധനവ് അനിവാര്യമായിട്ടുള്ളതാണ്.
ചാർജ് വർദ്ധനവ് ആവശ്യപ്പെട്ടുഉള്ള സമരം വൻ വിജയമാക്കാൻ മുഴുവൻ ഓട്ടോ-ടാക്സി തൊഴിലാളികളുടെയും സജീവമായ പങ്കാളിത്തം ഉണ്ടാകണമെന്ന് യോഗം അഭ്യർത്ഥിച്ചു.
നവംബർ 11ന് വൈകിട്ട് പന്തളം കൊളുത്തി പ്രകടനവും 12 ന് രാവിലെ പണിമുടക്കി തൊഴിലാളികൾ നഗരത്തിൽ പ്രകടനവും നടത്തുവാനും തീരുമാനിച്ചു. പണിമുടക്കിലും സമരപരിപാടികളിലും മൂവാറ്റുപുഴയിലെ മുഴുവൻ ഓട്ടോ ടാക്സി തൊഴിലാളികൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.






