നിർമ്മല കോളേജ് മുന്നോട്ടുവെച്ച ഈ മാതൃക കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
മൂവാറ്റുപുഴ: സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മൂവാറ്റുപുഴ നിർമല കോളേജ് ആരംഭിച്ച ഡിജിറ്റൽ സംരംഭകത്വ പ്ലാറ്റ്ഫോമായ ‘SHEconnects’ കേരളത്തിന് മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിർമ്മല കോളേജിന്റെ (ഓട്ടോണമസ്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഷീ ലീഡ്‌സ്: വിമൻ എൻട്രപ്രണർഷിപ്പ് കോൺക്ലേവ് 2026’-ന്റെ ഭാഗമായ ‘നിർമ്മല ഷീ കണക്ട്‌സ്’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളെ സംരംഭകരാക്കി മാറ്റുന്നതിനും അവരുടെ സംരംഭങ്ങൾക്ക് ആവശ്യമായ മാർഗനിർദേശവും സാമ്പത്തിക-വിപണന പിന്തുണയും ലഭ്യമാക്കുന്നതിനും ഈ പ്ലാറ്റ്ഫോം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപത്തിനും സംരംഭം തുടങ്ങുന്നതിനുമായി ഇപ്പോൾ കേരളത്തിലേക്ക് എത്തുന്ന അപേക്ഷകരിലും പ്രതിനിധികളിലും നിരവധി സ്ത്രീകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമ്മല കോളേജ് മുന്നോട്ടുവെച്ച ഈ മാതൃക കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മുടെ സമൂഹവും ഭാഷയും പുരുഷകേന്ദ്രീകൃതമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഈ അവസ്ഥ മാറിക്കൊണ്ടിരിക്കുന്ന നല്ല കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഓർമ്മിപ്പിച്ചു.

ഷീ കണക്ട്‌സിന്റെ ലോഗോ പ്രകാശനം
ചടങ്ങിൽ ഡിസംബർ 3, 4, 5 തീയതികളിൽ നടക്കുന്ന നിർമ്മല ലിറ്ററേച്ചർ ഫെസ്റ്റിവൽ ‘എൻ മൊഴി’യുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ഷീ കണക്ട്‌സിന്റെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു. ചടങ്ങിൽ വനിതാ സംരംഭകരെ ആദരിച്ചു.
കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജെസ്റ്റിൻ കെ. കുര്യാക്കോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത നടിയും ശാസ്ത്രീയ നർത്തകിയുമായ ആശാ ശരത് മുഖ്യപ്രഭാഷണം നടത്തി.
ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്, മൂവാറ്റുപുഴ എം.എൽ.എ. ഡോ. മാത്യു കുഴൽനാടൻ, കോതമംഗലം എം.എൽ.എ. ഷിബു തെക്കുംപുറം, നഗരസഭാചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡീനും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ഡോ. നിബു തോംസൺ നന്ദി പറഞ്ഞു.
