മൂവാറ്റുപുഴ: മരം മുറിക്കുന്നതിനിടെ ഹൃദയാഘാതം മുലം മരത്തിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. മുളവൂർ കോട്ടക്കുടി പരേതനായ മീരാൻകുഞ്ഞിന്റെ മകൻ കെ. എം. അഫ്സൽ (54) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മരം മുറിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട അഫ്സൽ മരത്തിന്റെ ശിഖരത്തിൽ പിടിച്ചിരുന്നെങ്കിലും പിന്നീട് അനക്കം ഉണ്ടായില്ല. ഒപ്പം ഉണ്ടായിരുന്നവർ ഉടൻ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു.
ഫയർ ഫോഴ്സ് എത്തി നാട്ടുകാരുടെ സഹകരണത്തോടെ അഫ്സലിനെ സുരക്ഷിതമായി താഴെയിറക്കി സിപിആർ നല്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓൾ കേരള വുഡ് കട്ടിങ് ആൻഡ് ക്ളൈമ്പിങ് ലേബേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, മുസ്ലിം ലീഗ് മുളവൂർ ഡിവിഷൻ ജോയിന്റ് സെക്രട്ടറി, എസ്.ടി.യു അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു
ഖബറക്കം നടത്തി. ഭാര്യ : ഉമ്മുക്കുൽസു .
മക്കൾ: മാഹിൻ, ഷഹനാസ്, ഷാഹിന
മരുമകൻ: സുഹൈൽ , മാതാവ് ഫാത്തിമ
അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കുര്യാക്കോസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.എ.ഷംസുദ്ദീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ റെനീഷ്, അർജുൻ, ജിതിൻ, ഡ്രൈവർ കെ. കെ. രാജു, ഹോംഗാർഡ് ജയകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

