കൊച്ചി: ആത്മീയതയുടെയും ആഘോഷത്തിന്റെയും ദിനം. ഇന്ന് ലോകമെമ്പാടും ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു.
അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി; ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സന്ദേശം ഉയര്‍ത്തിയാണ് തിരുപ്പിറവി ആഘോഷിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു
എറണാകുളം സീറോ മലബാര്‍ സഭ ആസ്ഥാനത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ക്രിസ്മസ് എന്നത് പുതിയ സാധ്യതകളുടെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടന്ന പാതിരാ കുര്‍ബാന ശുശ്രൂഷകള്‍ക്ക് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികനായി.
ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.
ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്. അവര്‍ക്ക് വേണ്ടിയും ഭരിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കാം
പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന തിരുപ്പിറവി ചടങ്ങുകള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. ക്രൈസ്തവ വിശ്വാസികള്‍ക്ക് എതിരായ ആക്രമണം കൂടികൂടി വരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നവരാണ് എല്ലാവരും എന്നും ക്രിസ്തു ഹൃദയങ്ങളിലാണ് പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ രാജ്യത്ത്് വിവിധ ഇടങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തെ പുരോഹിതര്‍ അപലപിച്ചു. രാജ്യത്തെ ക്രൈസ്തവരെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നതായി സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം സുരക്ഷിതമായി ക്രിസ്മസ് ആഘോഷിക്കാന്‍ കര്‍ശന നിയമപാലനം ഉറപ്പാക്കണം. മത, ആരാധനാ സ്വാതന്ത്ര്യങ്ങള്‍ ഉറപ്പാക്കണം. ക്രിസ്മസ് വേളയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് ഭരണഘടനയുടെ ആത്മാവിന് തന്നെ മുറിവേല്‍പ്പിക്കുന്നതാണ്. അക്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
കോതമംഗലം രൂപതയില്‍ തിരുകര്‍മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ നേതൃത്വം നല്കി.
