മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. സൗദി സ്വദേശിയായ ഡ്രൈവറുമാണ് മരിച്ചത്.
കോട്ടയം പാലാ സ്വദേശി ജെയ്‌സിമോൾ മാത്യു(36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി(26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്‌നാട് തഞ്ചാവൂർ പട്ടുകോട്ടയ് സ്വദേശി ദേവമണി ഹെപ്‌സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ. വെള്ളിയാഴ്ചയാണ് സംഭവം. യാത്രയ്ക്കിടയിൽ ഇവർ സഞ്ചരിച്ച കാറും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സൗദി സർക്കാരിനു കീഴിലുള്ള ഡിസ്പൻസറികളിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട നാല് നഴ്‌സുമാരും. മക്കയിലെ അൽഗഫയിലായിരുന്നു ജോലി ചെയ്തുവന്നിരുന്നത്. വാരാന്ത്യ അവധി ദിനമായതിനാൽസാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോകവെയാണ് അപകടം. സംഭവസ്ഥലത്തുവെച്ചുതന്നെ അഞ്ചുപേരും മരണപ്പെടുകയായിരുന്നു.

