Top 5 This Week

Related Posts

നീതിയുണ്ടെങ്കിലേ ജനാധിപത്യമുള്ളൂ:സ്വാമി ഗുരുശ്രീ

റോപ്പ് – ഇന്‍ഡ്യ (റിപ്പബ്ലിക് ഓഫ് പബ്ലിക് പവര്‍ ഇന്‍ഡ്യ) രാഷ്ട്രീയ തത്വശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നീതി സദസ്സ് മൂവാറ്റുപുഴ അത്രൈതാശ്രമം ആചാര്യന്‍ സ്വാമി ഗുരുശ്രീ ഉദ്ഘാടനം ചെയ്തു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഹാളില്‍ നടന്ന സമ്മേളനത്തില്‍ റോപ്പ് – ഇന്‍ഡ്യ വൈസ് ചെയര്‍മാന്‍ റിട്ട.വിങ് കമാന്‍ഡര്‍ എന്‍.ജെ. മാത്യു അധ്യക്ഷത വഹിച്ചു.

ലോകത്തുള്ള സകലര്‍ക്കും നീതി പ്രദാനം ചെയ്യേണ്ടതുണ്ടെന്ന് സ്വാമി ഗുരുശ്രീ ഉദ്‌ബോധിപ്പിച്ചു.
നീതിക്കായി യാചിക്കുന്ന സമൂഹമാണ് ചുറ്റിലുമുള്ളത്. അപരന് നീതി പ്രദാനം ചെയ്യാനുള്ള കരുതല്‍ സകല സജ്ജനങ്ങളും പ്രകാശിപ്പിക്കണം. നീതി പ്രായോഗികമായി നിലനില്‍ക്കുന്ന സമൂഹത്തില്‍ മാത്രമേ ജനാധിപത്യം പുല രുകയുള്ളൂ. വോട്ടവകാശവും തെരഞ്ഞെടുപ്പും തുടരുന്നുണ്ടെങ്കിലും നീതി പുലരാത്ത സമൂഹത്തില്‍ ജനാധിപത്യം നിലനില്‍ക്കുകയില്ല. ഇന്ന് വോട്ടവകാശ മുണ്ടെങ്കിലും രാജാധികാരമാണ് തുടരുന്നത്. രാജഭരണത്തിന്റെ സകല ദുഷിപ്പുകളും സമൂഹത്തില്‍ താണ്ഡവമാടുകയാണ്. എന്നാല്‍ ജനാധികാര ജനാധിപത്യത്തില്‍ പൗരാധികാരമാണ് പ്രയോഗത്തില്‍ വരിക. ഭരണകൂടങ്ങള്‍ നിഷ്പ്രഭമാവുകയും നിയമനിര്‍മാണ സഭകള്‍ പ്രബലമാവുകയും ചെയ്യുന്ന ഉത്തമ രാഷ്ട്രീയദര്‍ശനമാണ് ജനാധികാര ജനാധിപത്യം.

റോപ്പ് – ഇന്‍ഡ്യ പാര്‍ട്ടി രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും എന്നാല്‍ ശക്തമായ രാഷ്ട്രീയബോധ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണെന്ന് സ്വാമി ഗുരുശ്രീ പറഞ്ഞു.
റിട്ട് കേസുകള്‍ കൊടുക്കാന്‍ പൗരന്മാരെ നിര്‍ബന്ധിതരാക്കുന്ന വ്യവസ്ഥിതി നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ട്. നിയമവും ചട്ടവും നിയമനിര്‍മാണ സഭയില്‍ നിര്‍മിക്കുകയും അവ പൗരനും കര്‍മദര്‍ശി (മെന്റര്‍)യും ചേര്‍ന്ന് പാലിക്കുകയും വേണം. ചെറുകിടസംരംഭകര്‍ക്ക് മൂലധന ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തേണ്ടതുണ്ട്. കാര്‍ഷിക ഉല്പന്നങ്ങളുടെയും സംസ്‌കരിത ഉല്പന്നങ്ങളുടെയും ഉപഭോക്തൃവില കര്‍ഷകന്റെ അവകാശമാക്കണം. അതിനെല്ലാം ഉതകുന്ന ബദല്‍ വ്യവസ്ഥിതി ഉടന്‍ സംജാതമാക്കുന്നതിന് പൗരസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് നീതിദസദസ്സ് സമൂഹത്തോട് ആഹ്വാനം ചെയ്തു.

ജനറല്‍ സെക്രട്ടറി അഡ്വ. സോണു അഗസ്റ്റിന്‍ ആമുഖപ്രഭാഷണം നടത്തി. റോപ്പ് – ഇന്‍ഡ്യ കണ്‍വീനര്‍ പ്രൊഫ.ഡോ. റോയ് എ.ജെ. സ്വാഗതവും സെക്രട്ടറി ചഞ്ചല്‍ ജി. നന്ദിയും പറഞ്ഞു. രാഷ്ട്രീയസാമൂഹികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles