LATEST NEWS

Related Posts

LOCAL NEWSമൂവാറ്റുപുഴയിൽ ഹിൽടോപ്പ് ടൂറിസം പദ്ധതിക്ക് അനുമതി തേടി എംഎൽഎ

മൂവാറ്റുപുഴയിൽ ഹിൽടോപ്പ് ടൂറിസം പദ്ധതിക്ക് അനുമതി തേടി എംഎൽഎ

ടൂറിസം മന്ത്രിക്ക് കത്ത് നൽകി

മൂവാറ്റുപുഴ: ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ വൻതോതിൽ ആകർഷിക്കാൻ ലക്ഷ്യമിട്ട് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളെ കോർത്തിണക്കി പുതിയ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് കത്ത് നൽകി. മണ്ഡലത്തിന്റെ അനന്തമായ വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് കത്തിൽ നിർദ്ദേശിച്ചത്. പ്രകൃതിസൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി എംഎൽഎ മുന്നോട്ടുവെച്ച പ്രത്യേക ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വികസന നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്.

ആവോലി, മഞ്ഞള്ളൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചക്കിപ്പാറ, പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമല, ആരക്കുഴ ഗ്രാമപഞ്ചായത്തിലെ കൊടികുത്തിപ്പാറ എന്നീ മൂന്ന് പ്രധാന കുന്നിൻപ്രദേശങ്ങളെ കേന്ദ്രീകരിച്ച് ‘ഹിൽടോപ്പ് ടൂറിസം സർക്യൂട്ട്’ വിഭാവനം ചെയ്യാനാണ് എംഎൽഎ ലക്ഷ്യമിടുന്നത്.

ചക്കിപ്പാറ

സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചക്കിപ്പാറയിൽ നിന്നും മൂവാറ്റുപുഴയാറിന്റെയും സമീപ പ്രദേശങ്ങളുടെയും അതിമനോഹരമായ വിദൂരദൃശ്യം കാണാൻ സാധിക്കും. അതിരാവിലെയുള്ള കോടമഞ്ഞും സൂര്യോദയവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. നഗരത്തിലെ വെളിച്ചത്തിൽ നിന്നും മാറിനിൽക്കുന്ന പ്രദേശമായതിനാൽ ആകാശ നിരീക്ഷണത്തിനും ഏറെ അനുയോജ്യമായ ഇടമെന്ന നിലയിൽ ചക്കിപ്പാറയിൽ ടെലിസ്കോപ്പുകൾ ഉൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നാണ് പദ്ധതി നിർദ്ദേശം.

പോയാലിമല

മൂവാറ്റുപുഴ നഗരത്തിൽ നിന്നും വളരെ അടുത്തായി പായിപ്ര പഞ്ചായത്തിൽ ഏകദേശം 16 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മൊട്ടക്കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശമാണ് പോയാലിമല. മലമുകളിൽ എപ്പോഴും വീശുന്ന തണുത്ത കാറ്റും 360 ഡിഗ്രിയിലുള്ള പ്രകൃതിദൃശ്യങ്ങളും ഒരിക്കലും വറ്റാത്ത പുരാതന കിണറും ഇവിടുത്തെ പ്രധാന സവിശേഷതകളാണ്. നിരവധി ഔഷധസസ്യങ്ങളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയായ ഇവിടെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ സഞ്ചാരികൾക്കായി ഇരിപ്പിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്ന പദ്ധതി തയ്യാറാക്കിയാൽ പ്രാദേശിക ടൂറിസം മേഖലയിൽ വലിയ ഉണർവ് അനുഭവപ്പെടും.

പോയാലി മലയിലേക്ക് എത്താൻ കഴിയുന്ന രീതിയിൽ റോഡിന്റെ നിർമാണം, റോപ് വേ സ്ഥാപിക്കൽ, മലമുകളിലെ വ്യൂ പോയിന്റുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കൽ, വിശ്രമ കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, കഫെറ്റീരിയ, എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ സഞ്ചരികളുടെ തിരക്ക് വർദ്ധിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.

കൊടികുത്തിപ്പാറ

പച്ചപ്പാർന്ന റബ്ബർ തോട്ടങ്ങൾക്കും കൃഷിയിടങ്ങൾക്കും നടുവിലായി തലയുയർത്തി നിൽക്കുന്ന ആരക്കുഴ ഗ്രാമപഞ്ചായത്തിലെ ഉയർന്ന പാറക്കെട്ടാണ് കൊടികുത്തിപ്പാറ. ചുറ്റുമുള്ള ഗ്രാമങ്ങളുടെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഇവിടം നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായതിനാൽ പുറംലോകത്തിന് അത്ര പരിചിതമല്ല. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ വേലികൾ, നടപ്പാതകൾ, വിശ്രമകേന്ദ്രങ്ങൾ, വ്യൂപോയിന്റുകൾ എന്നിവ ഒരുക്കുന്നതിലൂടെ ആരക്കുഴയുടെ പ്രധാന ടൂറിസം കേന്ദ്രമായി കൊടികുത്തിപ്പാറയെ മാറ്റാനാകും.

ഈ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള റോഡുകളുടെ നവീകരണം, ദിശാബോർഡുകൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തി യഥാർഥ്യം ആക്കിയാൽ മുവാറ്റുപുഴ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായി ഇത് മാറും.

ഈ മൂന്ന് ഇടങ്ങളെയും കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രാഥമിക പഠനത്തിനായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും എംഎൽഎ മന്ത്രിയോട് അഭ്യർത്ഥിച്ചു.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഒറ്റദിവസത്തെ യാത്രയിൽ തന്നെ സഞ്ചാരികൾക്ക് ഈ മൂന്ന് കേന്ദ്രങ്ങളും സമീപത്തുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ സാധിക്കും. ഇത് മൂവാറ്റുപുഴ മണ്ഡലത്തിലെ ഗ്രാമീണ ടൂറിസം മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം നൽകുമെന്നും പ്രാദേശിക യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here