Home DISTRICT NEWS ERNAKULAM പെട്രോൾ പമ്പ്  ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

പെട്രോൾ പമ്പ്  ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

പെട്രോൾ പമ്പിൽ  ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടി വീട്ടിൽ  മുഹമ്മദ് ആക്കിബ്(23),  ചെട്ടിപ്പടി  അരയന്‍റെ പുരയ്ക്കൽ വീട്ടിൽ മുഹമ്മദ് വാസിം(31), ചെട്ടിപ്പടി പക്കർക്കാന്‍റെ പുരയ്ക്കൽ വീട്ടിൽ സഫ് വാൻ (28) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 ന് പുലർച്ചെ രണ്ടരയോടെ ആലുവ കോട്ടായിയിലുള്ള പെട്രോൾ പമ്പിലാണ് സംഭവം.

ഇരുചക്ര വാഹനത്തിലെത്തിയ മൂന്നംഗ സംഘം അഞ്ഞൂറ് രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പണം കൊടുക്കാതെ, പമ്പിൽ പണം സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുത്ത് പോവുകയായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരന് മർദ്ദനമേറ്റു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. ട്രയിനിൽ മംഗലാപുരത്തേക്ക് രക്ഷപ്പെടാനുളള ശ്രമത്തിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഏഴ് മോഷണ കേസുകളുടെ ചുരളഴിയിക്കാൻ പോലീസിന് കഴിഞ്ഞു. മുഹമ്മദ് ആക്കിബിന്‍റെ നേതൃത്വത്തിലായിരുന്നു മോഷണങ്ങൾ നടന്നത്. പരപ്പനങ്ങാടി സ്റ്റേഷനിലും ആറ് കേസുകളുണ്ട്. ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, ചെങ്ങമനാട് ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാർ, സബ്ബ് ഇൻസ്പെക്ടർമാരായ പി.ജെ.കുര്യാക്കോസ്, പി.ബി. ഷാജി, എ.എസ്.ഐ മാരായ രാജേഷ് കുമാർ, സിനിമോൻ ,സി.പി.ഒ മാരായ ലിൻസൻ, കൃഷ്ണരാജ്  എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Exit mobile version