Home DISTRICT NEWS ക്ലാസ് മുറിയിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസുകാരൻ

ക്ലാസ് മുറിയിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസുകാരൻ

0

പാലക്കാട്: പാലക്കാട് തൃത്താല പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് നാടൻ തോക്കുമായി സ്കൂളിലെത്തിയ സഹപാഠി മറ്റു കുട്ടികൾക്ക് തോക്ക് കാണിക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

മൂന്ന് തവണ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. ആദ്യ വെടി തറയിലും രണ്ടാമത്തേത് വിദ്യാർഥിയുടെ അരികിലൂടെയും കടന്നുപോയി. മൂന്നാമത്തെ വെടിയാണ് സഹപാഠിയുടെ ശരീരത്തിൽ പതിച്ചത്. തോളിനും കൈയ്ക്കുമിടയിലുള്ള ഭാഗത്താണ് പരിക്കേറ്റത്.

പരിക്കേറ്റ വിദ്യാർഥിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വെടിയുണ്ട പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിയുതിർക്കാൻ ഉപയോഗിച്ച പഴക്കമുള്ള തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർഥിക്ക് തോക്ക് എവിടെനിന്ന് ലഭിച്ചുവെന്നും വീട്ടിൽനിന്ന് സ്കൂളിലേക്ക് കൊണ്ടുവന്ന സാഹചര്യമെന്താണെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടിയുടെ രക്ഷിതാക്കളെയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version